ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര എളുപ്പമല്ലെന്ന് നാസ. 2025ല്‍ ബഹിരാകാശ്ത് നിന്ന് മടങ്ങുമെന്നും അപകട സാദ്ധ്യത വളരെ കൂടുതലാണെന്നും നാസ അറിയിച്ചു.
2025 ഫെബ്രുവരിയില്‍ തിരിച്ചെത്തുന്നത് വരെ ഗവേഷണം, സിസ്റ്റം ടെസ്റ്റിംഗ് എന്നിവ ഉള്‍പ്പെടെയുള്ള ജോലികള്‍ സ്റ്റേഷനില്‍ തുടരുമെന്നും നാസ അറിയിച്ചു. ”ഏറ്റവും സുരക്ഷിതവും ഏറ്റവും സാധാരണവുമായ രീതിയില്‍ പോലും ബഹിരാകാശ യാത്ര അപകടകരമാണ്,” നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങളുടെ ശക്തമായ വിശകലനം ഉറപ്പാക്കുന്നതില്‍ നാസയുടെയും ബോയിംഗ് ടീമുകളുടെയും കഠിനാധ്വാനത്തിന് നെല്‍സണ്‍ നന്ദി പറഞ്ഞു.നാസക്കായി ബോയിങ് വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകമായ് സ്റ്റാര്‍ലൈനര്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളേയും ചരക്കും എത്തിക്കാന്‍ ഇതിന് സാധിക്കും. ഈ പേടകത്തിന്റെ കന്നി പരീക്ഷണമായാണ് ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും അതിന് വിഘാതമായി.