കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലായ സപ്ലൈകോക്ക് സർക്കാർ സഹായം വൈകിയതോടെ മൂന്ന് ദിവസം മുമ്പ് മാത്രം ആരംഭിക്കാനായ ക്രിസ്മസ് -പുതുവത്സര ചന്തകളിൽ സബ്സിഡി സാധനങ്ങൾ നാമമാത്രം. ഉദ്ഘാടന ദിവസം ഇല്ലാതിരുന്ന സാധനങ്ങൾ അടുത്ത ദിവസം എത്തിക്കുമെന്ന സപ്ലൈകോ പ്രഖ്യാപനവും നടപ്പാകാതെ വന്നതോടെ സബ്സിഡി അരി പോലും ശനിയാഴ്ച വരെ മിക്ക ഔട്ട്ലറ്റുകളിലും എത്തിക്കാനായില്ല.
ഉത്സവകാല വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനാണ് ഇത്തരം ഫെയറുകള്‍ സംഘടിപ്പിക്കുന്നതെന്ന സപ്ലൈകോയുടെ അവകാശവാദം സബ്സിഡി ഇനങ്ങൾ നൽകാനാകാതിരുന്നതോടെ പാളി. ജയ അരി, മട്ട അരി, പച്ചരി, പഞ്ചസാര, മുളക്, ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ് എന്നിവയാണ് സ്റ്റോക്കില്ലാത്തത്. ചെറുപയർ, കടല, മല്ലി, വെളിച്ചെണ്ണ എന്നിവ മാത്രമാണ് സബ്സിഡി ഇനങ്ങളായി ഉള്ളത്. ഇവയിൽ മല്ലി ഒഴികെ 20 രൂപ ഇളവിൽ ലഭിക്കുന്നുണ്ട്. സബ്സിഡിയിതര ഇനത്തിൽ ചെറുപയർ, കടല, മല്ലി, വെളിച്ചെണ്ണ എന്നിവ കൂടാതെ തുവരപ്പരിപ്പ്, വെള്ളക്കടല, മട്ട അരി, ജയ അരി, തേയില എന്നിവയും ലഭ്യമാണെങ്കിലും പൊതുവിപണിയിലേതിനേക്കാൾ വിലയിൽ വലിയ അന്തരമില്ല. ശനിയും ഞായറും ചന്തകളിൽ വലിയ തിരക്ക് അനുഭവപ്പെടേണ്ടതാണ്. സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ ഇന്നലെ ഇതുണ്ടായില്ല. നാല് സബ്സിഡി സാധനങ്ങൾ മാത്രം എന്ന ബോർഡാണ് എറണാകുളത്തെ ചന്തയിൽ ശനിയാഴ്ച ഉച്ചവരെ ഉപഭോക്താക്കളെ സ്വാഗതം ചെയ്തത്. ഉച്ചക്ക് ശേഷം ബോർഡ് മാറ്റിയെങ്കിലും ക്ഷാമം തുടർന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ സഹായിക്കാതെ വന്നതോടെ മൊത്തവിതരണക്കാരുടെ കുടിശ്ശിക 800 കോടി രൂപയിലേക്കെത്തുകയും ടെൻഡർ ബഹിഷ്കരണം പ്രഖ്യാപിക്കുകയും ചെയ്തതാണ് സപ്ലൈകോയുടെ ക്രിസ്മസ് ചന്തയെ പരാജയത്തിലേക്ക് കൊണ്ടുപോയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് സ്പെഷല്‍ ക്രിസ്മസ്-ന്യു ഇയര്‍ ഫെയറുകള്‍ വ്യാഴാഴ്ച തുറന്നത്.