25 December 2024

ന്യൂഡല്‍ഹി: സിആര്‍പിസി 125-ാം വകുപ്പ് പ്രകാരം വിവാഹ മോചിതയായ മുസ്‌ലിം വനിതയ്ക്ക് ജീവനാംശം ലഭിക്കുന്നതിനായി കേസെടുക്കാമെന്ന് സുപ്രീം കോടതി. 1986-ലെ മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശം നിശ്ചയിക്കേണ്ടതെന്ന വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജീവനാംശം സ്ത്രീകളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ഇത് ദാനമല്ലെന്നും ഓര്‍മ്മിപ്പിച്ചു. സുപ്രീം കോടതി ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.

തെലങ്കാന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. തെലങ്കാനയിൽ നിന്നുള്ള മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തിയാണ് സുപ്രീം കോടതിയിൽ അപ്പീൽ ഹര്‍ജി സമ‍ര്‍പ്പിച്ചത്. മുസ്ലിം വ്യക്തി നിയമം പ്രകാരം 2017 ൽ ഇദ്ദേഹവും ഭാര്യയും വിവാഹമോചിതരായിരുന്നു. പിന്നീട് ജീവനാംശം തേടി ഭാര്യ കോടതിയെ സമീപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയിലെത്തി. 10000 രൂപ പ്രതിമാസം ജീവനാംശം നൽകാൻ സമദിനോട് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇത് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു സമദ്. അതിനായാണ് ഇയാൾ പരമോന്നത കോടതിയിലെത്തിയത്. മുസ്ലിം വ്യക്തി നിയമം പ്രകാരം വിവാഹിതരായതിനാൽ 1986 ലെ സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള നിയമത്തിൻ്റെ അടിസ്ഥാനത്തിൽ തന്നെ വിവാഹമോചനം അനുവദിക്കണമെന്നായിരുന്നു സമദിൻ്റെ ആവശ്യം. ഇങ്ങിനെ വന്നാൽ സമദിന് ജീവനാംശം നൽകാതിരിക്കാമായിരുന്നു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ കൂടെ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസിലെ വാദം കേട്ട ശേഷം ജീവനാംശം ഔദാര്യമല്ലെന്നും അവകാശമാണെന്നും ഓര്‍മ്മിപ്പിച്ച് വിധി പറയുകയായിരുന്നു. പിന്നാലെ പ്രസിദ്ധമായ ഷാ ബാനോ കേസ് വിധി പരാമര്‍ശിച്ചുകൊണ്ടാണ് ഈ കേസിലും വിധി പ്രസ്താവിച്ചത്. മുസ്ലിം സ്ത്രീകൾ അടക്കം എല്ലാ സ്ത്രീകൾക്കും സിആര്‍പിസി 125 വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും അഗസ്റ്റിന്‍ ജോര്‍ജ് മസീഹും പ്രത്യേക വിധികള്‍ എഴുതിയെങ്കിലും സിആര്‍പിസി 125 വകുപ്പ് പ്രകാരം കേസ് നല്‍കാമെന്ന കാര്യത്തില്‍ ഏകാഭിപ്രായമാണ് പുലര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!