തൃശൂര്‍: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്നാണ് പരാതി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
എന്നാല്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയെന്ന അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലും അന്വേഷണം തുടങ്ങി. തൃശൂര്‍ സിറ്റി എസിപിക്കാണ് കമ്മീഷണര്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചു.
അതേസമയം സംഭവത്തില്‍ കേന്ദ്രം വിവരങ്ങള്‍ തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി. സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മന്ത്രിക്കും, സ്റ്റാഫുകള്‍ക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ച സാഹചര്യത്തിലാണിത്.