തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണകീരീട വിവാദത്തില്‍ പ്രതികരിച്ച് നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. തന്റെ ത്രാണിക്കനുസരിച്ചാണ് ലൂര്‍ദ് മാതാവിന് കിരീടം നല്‍കിയത്. തന്നെക്കാള്‍ അധികം നല്‍കുന്ന വിശ്വാസികള്‍ ഉണ്ടാകാം. കീരീടം സമര്‍പ്പിച്ചത് തന്റെ ആചാരമാണ്. മാതാവ് അത് സ്വീകരിക്കുമെന്നും വിശ്വാസികള്‍ക്ക് പ്രശ്‌നമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സ്വര്‍ണത്തിന്റെ കണക്ക് എടുക്കുന്നവര്‍ സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്ക് എടുക്കണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയില്‍ കിരീടം സമര്‍പ്പിച്ചത്. മകള്‍ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാട്ടായിരുന്നു കിരീട സമര്‍പ്പണം. താരം കുടുംബമായി എത്തി കിരീടം സമര്‍പ്പിക്കുകയായിരുന്നു. ഏകദേശം അഞ്ച് പവനോളം തൂക്കമാണ് കിരീടത്തിനുള്ളതെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.