24 December 2024

കണ്ണൂര്‍: കേളകത്ത് അടയ്ക്കാത്തോട് മലവെള്ളപ്പാച്ചില്‍. ശാന്തിഗിരി മേഖലയിലെ വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയം. കൊട്ടിയൂര്‍, മന്നംചേരി, ചെട്ടിയാംപറമ്പ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. 7 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇതുവരെ ആളപായമോ കനത്ത നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. ഡാമിലെ ജലനിരപ്പ് 773.50 മീറ്റര്‍ ആയി ഉയര്‍ന്നു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. പനമരം ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ജലനിരപ്പ് ഇന്ന് വൈകുന്നേരം ആറ്മണിയ്ക്ക് മുന്‍പ് റൂള്‍ ലെവലായ 773.50ല്‍ എത്തുകയാണെങ്കില്‍ അധികമെത്തുന്ന മഴവെള്ളം ആറുമണിയ്ക്ക് മുന്‍പ് പുഴയിലേക്ക് ഒഴുകുന്നവിധത്തില്‍ ഡാം ഷട്ടറുകള്‍ തുറക്കുന്നതായിരിക്കും. ആറ് മണിയ്ക്ക് ശേഷമാണ് റൂള്‍ ലെവല്‍ എത്തുന്നതെങ്കില്‍ നാളെ രാവിലെ എട്ട് മണിയോട് കൂടി തുറന്നുവിടാന്‍ സാധ്യതയുണ്ട്. അപ്പോള്‍ പുഴയില്‍ 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രദേശത്ത് കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 900 കണ്ടി ഉള്‍പ്പെടെയുള്ള സ്ഥലത്തെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ്ങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചത്. വിനോദ സഞ്ചാരികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്നില്ലെന്നത് പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പാക്കണം.

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് തീവ്രമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.വയനാട് മേപ്പാടി ചൂരല്‍ മലയില്‍ കനത്ത മഴയെ തുടര്‍ന്ന് മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. കാശ്മീര്‍ ദ്വീപില്‍ വെള്ളം കയറി. ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ബാണാസുര സാഗര്‍ ഡാം വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ജലനിരപ്പ് 773.50 ആയി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കും. നിലവിലെ ജലനിരപ്പ് 772.50 ആണ്. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വയനാട് മേപ്പാടിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുത്തുമല, വെള്ളാര്‍മല, മുണ്ടക്കൈ എല്‍ പി സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. മാനന്തവാടി പെരുവകയില്‍ റോഡരിക് പുഴയിലേക്ക് ഇടിഞ്ഞു. പെരുവക കൂവളമൊട്ടംകുന്ന് റോഡിലാണ് മണ്ണിടിഞ്ഞത്. റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!