ന്യൂഡൽഹി: പാർലമെന്റിൽനിന്ന് 141 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ പ്രതിഷേധത്തിനിടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ പരിഹസിച്ച് അനുകരിച്ച തൃണമൂൽ എം.പി കല്യാൺ ബാനർജിയുടെ നടപടി വിവാദമായി. പ്രതിഷേധവുമായി പ്രതിപക്ഷ എം.പിമാർ പാർലമെന്റ് കെട്ടിടത്തിന് പുറത്തെ പടിയിൽ ഇരിക്കുമ്പോഴായിരുന്നു കല്യാൺ ബാനർജിയുടെ നടപടി. പ്രതിപക്ഷ എം.പിമാർ ഇത് കണ്ട് പൊട്ടിച്ചിരിക്കുകയും രാഹുൽ ഗാന്ധി ഇതിന്റെ വിഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതോടെ ഇതിനെതിരെ ജഗ്ദീപ് ധൻഖർ പ്രതികരണവുമായി രംഗത്തെത്തി. ഒരു എം.പി പരിഹസിക്കുന്നതും രണ്ടാമത്തെ എം.പി ആ സംഭവം വിഡിയോയിൽ പകർത്തുന്നതും ലജ്ജാകരവും പരിഹാസ്യവും അസ്വീകാര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ‘എന്തിനാണ് പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്തതെന്ന് രാജ്യം ആശ്ചര്യപ്പെടുന്നുണ്ടെങ്കിൽ അതിനുള്ള കാരണം ഇതാണ്. ടി.എം.സി എം.പി കല്യാൺ ബാനർജി ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയെ പരിഹസിച്ചപ്പോൾ രാഹുൽ ഗാന്ധി അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അവർ സഭയിൽ എത്രമാത്രം അശ്രദ്ധയും ലംഘനവും നടത്തിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ’, ബി.ജെ.പി എക്സിൽ വിഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
പാർലമെന്റിലെ സുരക്ഷ വീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് 141 എം.പിമാരുടെ സസ്പെൻഷനിലേക്ക് നയിച്ചത്. ഇന്ന് മാത്രം 49 എം.പിമാരാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്. രാഹുൽ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാരും പാർലമെന്റിന് പുറത്തായി. കഴിഞ്ഞ ദിവസം ലോക്‌സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. 33 എം.പിമാരെ ലോക്‌സഭയിൽനിന്നും 45 പേരെ രാജ്യസഭയിൽനിന്നും സസ്‌പെൻഡ് ചെയ്തു.