25 December 2024

കൊച്ചി: മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യവുമായി സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റഫേല്‍ തട്ടില്‍ രംഗത്ത്. സമരം ചെയ്യുന്നവരെ ഒറ്റക്കാക്കില്ലെന്നും ഏതറ്റം വരെ പോകേണ്ടി വന്നാലും സമരത്തില്‍ ഒപ്പമുണ്ടാകുമെന്നും സമരക്കാരെ സന്ദര്‍ശിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. സമരപ്പന്തലില്‍ എത്തിയായിരുന്നു മാര്‍ റഫോല്‍ തട്ടിലിന്റെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം.

സത്യാഗ്രഹമെന്ന സമരമുറ ഉപയോഗിക്കുമെന്നും അവസാനത്തെയാളും മരിച്ച് വീഴും വരെ പോരാടുമെന്നാണ് സമരപന്തല്‍ സന്ദര്‍ശിച്ച് മാര്‍ റാഫേല്‍ തട്ടില്‍ പ്രഖ്യാപിച്ചത്. ‘മുനമ്പത്തെ വിശയം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പ്രശ്‌നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകും. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ല. ഓര്‍ക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിച്ച് കണക്കു ചോദിക്കാന്‍ ജനങ്ങള്‍ക്ക് വിവേകമുണ്ടാകണം. എല്ലാത്തവണയും വോട്ടു ചെയ്തവര്‍ക്ക് വോട്ടു ചെയ്യണമെന്ന് ഇത്തവണ ബാലറ്റ് പേപ്പര്‍ കയ്യില്‍കിട്ടുമ്പോള്‍ നിര്‍ബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാനും അറിയാമെന്ന് നിങ്ങള്‍ തെളിയിക്കണ’മെന്നായിരുന്നു സമരപന്തലില്‍ മാര്‍ റാഫേല്‍ തട്ടില്‍ ആവശ്യപ്പെട്ടത്.

ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കി പ്രശ്‌നം പരിഹരിക്കണമെന്നും ജനാധിപത്യത്തിലും ഭരണഘടനയിലും പ്രതീക്ഷയുണ്ടെന്നുമായിരുന്നു വിഷയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റഫേല്‍ തട്ടില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സഭയെന്നതിനേക്കാള്‍ ഇത് മനുഷ്യരുടെ പ്രശ്‌നമാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഈ വിഷയം ഗൗരവമായി ചിന്തിക്കണമെന്നും സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!