തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംവിധായകരില്‍ ഒരാളാണ് മോഹന്‍ ജി. സോഷ്യല്‍ മീഡിയയിലും സജീവമായ മോഹന്‍ പല വിഷയങ്ങളിലും ഉള്ള തന്റെ അഭിപ്രായങ്ങളും നിലപാടങ്ങളും തുറന്നു പറയാറുണ്ട്. അത്തരത്തില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള്‍ പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തെക്കുറിച്ച് സംവിധായകന്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്.
പഴനിയിലെ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തിയിട്ടുണ്ട് എന്നായിരുന്നു മോഹന്‍ നടത്തിയ പരാമര്‍ശം.തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗ കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തി എന്ന വിവാദം കത്തിനില്‍ക്കുന്നതിനിടയിലാണ് പഴനി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ച് വിവാദ പ്രസ്താവനയുമായി മോഹന്‍ എത്തിയത്. ഈ പരമാര്‍ശം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായി.
തുടര്‍ന്ന് സംവിധായകനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി എടുക്കുകയായിരുന്നു. സെപ്റ്റംബര്‍ 24ന് രാവിലെ ചെന്നൈ കാസിമേട്ടിലെ വസതിയില്‍ വച്ച് മോഹനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ‘പഴയ വണ്ണാരപ്പേട്ടൈ’, ‘ദ്രൗപതി’, ‘രുദ്ര താണ്ഡവം’, ‘ബകാസുരന്‍’ എന്നീ തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മോഹന്‍ ജി.