15 January 2025

മെഡിക്കല്‍ പ്രവേശനത്തിനായി അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കി. നിയമസഭയില് ഏകകണ്ഠമായി പ്രമേയം പാസാക്കിയത്. മെഡിക്കല്‍ പ്രവേശനത്തിന് പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളെ അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

നീറ്റ് നടപ്പാക്കുന്നതിന് മുമ്പ് 12 ക്ലാസിലെ മാര്‍ക്കിനടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രവേശനം. ഇത് വീണ്ടും നടപ്പിലാക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം. നീറ്റ് പരീക്ഷ ക്രമക്കേടും വിവാദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചത്.

മണിതനേയ മക്കള്‍ കച്ചി, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, തമിഴക വെട്രി കഴകം, സിപിഎം തുടങ്ങി നിരവധി പാര്‍ട്ടികള്‍ പ്രമേയത്തെ പിന്തുണച്ചു. നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യം ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപി കെ കനിമൊഴി ആവര്‍ത്തിച്ചു. ഞങ്ങള്‍ക്ക് നീറ്റ് വേണ്ടെന്ന് സ്ഥിരമായി പറയുന്നുണ്ട്. നീറ്റ് ന്യായമായ പരീക്ഷയല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. നീറ്റ് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം നഷ്ടം സംഭവിക്കുന്നുവെന്നും കനിമൊഴി ഡല്‍ഹിയില്‍ എഎന്‍ഐയോട് പ്രതികരിച്ചു.

നീറ്റില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി നല്‍കിയിരിക്കുകയാണ്. ഇതിന് ഉടന്‍ അനുമതി നല്‍കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു.

4750 കേന്ദ്രങ്ങളിലായി 23ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് മെയ് 5ന് നടന്ന നീറ്റ് പരീക്ഷയില്‍ പങ്കെടുത്തത്. പരീക്ഷയില്‍ പങ്കെടുത്ത 67 വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കായ 720 മാര്‍ക്ക് നേടിയതാണ് പരീക്ഷയിലെ ക്രമക്കേട് ശ്രദ്ധിക്കാന്‍ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!