സാധാരണക്കാരെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച മനുഷ്യ സ്നേഹിയായ വ്യവസായി ആയിരുന്നു രത്തന്‍ ടാറ്റ. മനുഷ്യരോടെന്ന പോലെ മൃഗങ്ങളെയും അദ്ദേഹം അളവറ്റ് സ്നേഹിച്ചിരുന്നു, പ്രത്യേകിച്ച് നായ്ക്കളെ. ഗോവ എന്ന് വിളിക്കുന്ന ഒരു തെരുവുനായയെ അദ്ദേഹം ദത്തെടുത്തു വളര്‍ത്തിയിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ നായ്ക്കളെ പാര്‍പ്പിക്കുന്നതിനായി വീടുകള്‍ കണ്ടെത്താന്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളെയും കൂട്ടുപിടിച്ചിരുന്നു. ഒരിക്കല്‍ അസുഖബാധിതനായ വളര്‍ത്തുനായയെ പരിചരിക്കുന്നതിനായി ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ച വരെ അദ്ദേഹം വേണ്ടെന്ന് വെച്ചിട്ടുണ്ട്.
2018ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രത്തന്‍ ടാറ്റയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് ആതിഥേയത്വം വഹിച്ച പരിപാടിയുടെ ഭാഗമായി ബക്കിംഗ്ഹാം കൊട്ടാരത്തില്‍വെച്ച് ചാള്‍സ് രാജാവില്‍ നിന്നായിരുന്നു ടാറ്റ പുരസ്‌കാരം ഏറ്റുവാങ്ങേണ്ടിയിരുന്നത്. എന്നാല്‍, തന്റെ പ്രിയപ്പെട്ട നായകളിലൊന്ന് ഗുരുതരമായ അസുഖം ബാധിച്ച് കിടപ്പിലായതിനാല്‍ അവസാന നിമിഷം അദ്ദേഹം തന്റെ യാത്ര റദ്ദാക്കുകയായിരുന്നു.
ഹൃദയസ്പര്‍ശിയായ ഈ സംഭവം ഇന്ത്യന്‍ വ്യവസായിയായ സുഹെല്‍ സേഠ് ആണ് വെളിപ്പെടുത്തിയത്. രത്തന്‍ ടാറ്റയുടെ 11 മിസ്ഡ് കോള്‍ തനിക്ക് ലഭിച്ചിരുന്നുവെന്നും ഒടുവില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ വളര്‍ത്തുനായകളില്‍ ഒരാള്‍ അസുഖബാധിതനായെന്നും അതിനാല്‍ പുരസ്‌കാരം വാങ്ങാന്‍ അതിനെ വിട്ട് വരാന്‍ കഴിയില്ലെന്ന് അറിയിച്ചതായും സുഹെല്‍ സേഠ് പറഞ്ഞു. ഇതറിഞ്ഞ ചാള്‍സ് രാജകുമാരന്‍ രത്തന്‍ ടാറ്റയെ അഭിനന്ദിക്കുകയായിരുന്നു.
ഗോവ എന്ന ഏറ്റവും പ്രിയപ്പെട്ട നായ
ദത്തെടുത്തു വളര്‍ത്തിയ ഗോവയാണ് രത്തന്‍ ടാറ്റയുടെ ഏറ്റവും പ്രിയപ്പെട്ട നായ. മീറ്റിംഗുകളില്‍പോലും ഗോവ രത്തനെ അനുഗമിച്ചിരുന്നു. ഗോവയില്‍വെച്ച് ടാറ്റയുടെ സഹപ്രവര്‍ത്തകന്റെ കാറില്‍ ഈ നായ കയറിപ്പറ്റുകയായിരുന്നു. തുടര്‍ന്ന് മുംബൈ വരെ നായ കാറില്‍ തന്നെ ഇരുന്നു. അങ്ങനെയാണ് നായക്ക് ഗോവ എന്ന പേരു ലഭിച്ചതെന്ന് രത്തന്‍ ടാറ്റ ഒരിക്കല്‍ വിശദീകരിച്ചു.
ഈ വര്‍ഷം ജൂലൈയില്‍ മുംബൈയില്‍ രത്തന്‍ ടാറ്റ ഒരു ചെറിയ മൃഗാശുപത്രി തുറന്നിരുന്നു. അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഈ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സങ്കീര്‍ണമായ രോഗങ്ങള്‍ക്കുള്ള ചികിത്സ ഉറപ്പുവരുത്തുന്നതിനായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്.