കൊല്ലം: മുൻവിരോധം നിമിത്തം ക്ഷേത്രഭാരവാഹിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിൽ. നല്ലില ഷാജി ഭവനത്തിൽ ഹേലിയാണ് (72) കണ്ണനല്ലൂർ പൊലീസിന്റെ പിടിയിലായത്. നല്ലില ശ്രീ നാഗരാജ ക്ഷേത്രത്തിന്റെ അതിർത്തി മതിൽ കെട്ടി തിരിച്ചതുമൂലം ഹേലിയും മകൻ സന്ദേഷും ഉപയോഗിച്ചിരുന്ന വഴി തടസപ്പെട്ടതിലും സന്ദേഷിനെ ക്ഷേത്രത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നു പൊതുയോഗം നീക്കം ചെയ്തതിലുമുള്ള വിരോധവും മൂലം ക്ഷേത്രം ട്രഷറർ ആയ മോഹനൻ പിള്ളയെ ആണ് ഇവർ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.കഴിഞ്ഞ ഞായറാഴ്ച 7.30ഓടെ ക്ഷേത്രത്തിന് മുൻ വശത്തുള്ള റോഡിൽ നിൽക്കുകയായിരുന്ന മോഹനൻ പിള്ളയെ പ്രതിയായ ഹേലി അസഭ്യം വിളിച്ചുകൊണ്ട് ടോർച്ചുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സന്ദേഷ് വടി ഉപയോഗിച്ച് കാലിൽ മാരകമായി മർദ്ദിച്ചു. മോഹനനൻ പിള്ളയെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭരണസമിതി വൈസ് പ്രസിഡന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഖ്യ പ്രതിയായ സന്ദേഷ് ഒളിവിലാണ്. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ ഹരിസോമൻ, രാജേന്ദ്രൻ പിള്ള, എസ്.സി.പി.ഒ പ്രജീഷ്, സി.പി.ഒ നജുമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.