25 December 2024

അയോധ്യ: മഴ ശക്തമായതോടെ അയോധ്യ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടായതില്‍ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്ത്. ജനുവരിയില്‍ തുറന്ന ക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് മുകളിലാണ് മഴയില്‍ ചോര്‍ച്ചയുണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ അയോധ്യ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടായെന്ന് വ്യക്തമാക്കി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയതോടെ വിവാദം കനക്കുകയാണ്. ദേശീയ വാര്‍ത്താ ഏജന്‍സിയോട് ആണ് മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് ചോര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളം ഒഴുകി പോകാന്‍ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ മഴ പെയ്താല്‍ ദര്‍ശനം ബുദ്ധിമുട്ട് ആകും എന്നും സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടു.

ഇതിന് പിന്നാലെ അയോധ്യ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര പ്രതികരണവുമായി രംഗത്തെത്തെത്തി. ചോര്‍ച്ച പ്രതീക്ഷിച്ചതാണെന്നും ഗുരു മണ്ഡപം തുറസ്സായ സ്ഥലത്താണ് എന്നതാണ് കാരണമെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പ്രശ്‌നം പരിഹരിക്കുമെന്നും മിശ്ര വ്യക്തമാക്കി. അയോധ്യയില്‍ എത്തിയ ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. ഒന്നാം നിലയിലാണ് ചോര്‍ച്ച കണ്ടതെന്നും ഒന്നാം നിലയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ് എന്നും മിശ്ര വിശദീകരിച്ചു. നിര്‍മ്മണത്തിലോ ഡിസൈനിലോ ഒരു പ്രശ്‌നവും ഇല്ലെന്നും നൃപേന്ദ്ര മിശ്ര വിവരിച്ചു.

അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ ചോര്‍ച്ചയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി ജെ പി അയോധ്യയെ അഴിമതിയുടെ ഹബ് ആക്കി മാറ്റിയെന്നാണ് യു പി പി സി സി അധ്യക്ഷന്‍ അജയ് റായ് പറഞ്ഞത്. മുഖ്യ പൂജാരിയുടെ വെളിപ്പെടുത്തല്‍ എല്ലാം വ്യക്തമാക്കുന്നു എന്നും അജയ് റായ് പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി എന്ന് കൊട്ടിഘോഷിച്ച് ബി ജെ പി നടക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ അയോധ്യയില്‍ റോഡുകള്‍ ദിവസവും പൊളിയുകയാണെന്നും അജയ് റായ് കുറ്റപ്പെടുത്തി. നേരത്തെ അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ചുറ്റു മതില്‍ മഴയില്‍ തകര്‍ന്നിരുന്നുവെന്നും പി സി സി അധ്യക്ഷന്‍ ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!