മലപ്പുറം തിരൂര്‍ ബിപി അങ്ങാടി ഗവണ്‍മെന്റ് വെക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ശോച്യാവസ്ഥയില്‍ നടപടിയുണ്ടാകാത്തതില്‍ മനസുമടുത്ത് പ്രതിഷേധവുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളില്‍ വേണ്ടത്ര ഭൗതിക സൗകര്യങ്ങള്‍ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികളുടെ സമരം. വേണ്ടത്ര ശുചിമുറികളില്ലെന്നും സ്‌കൂളില്‍ ഓടുകള്‍ പലതും പൊട്ടിയിരിക്കുകയാണെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ക്ലാസ് മുറികളില്‍ പുഴുവും അട്ടയും പെരുകുകയാണ്. കഴിയ്ക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടെ പുഴുക്കളും അട്ടയും വീണതോടെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി ക്ലാസ് മുറിവിട്ട് പുറത്തേക്കിറങ്ങി. ഇതോടെ സംഭവം ട്വന്റിഫോര്‍ വാര്‍ത്തയാക്കുകയും വിദ്യാഭ്യാസമന്ത്രി സംഭവത്തില്‍ ഇടപെടുകയും ചെയ്തു.
നിരന്തരമായി പരാതി പറഞ്ഞിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങിയത്. സ്‌കൂളിന് സമീപത്തെ മരം മുറിച്ചു മാറ്റുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തങ്ങള്‍ക്ക് സുരക്ഷിതമായ ക്ലാസ് മുറിയില്ലെന്നും ഓടിട്ട മേല്‍ക്കൂരയില്‍ നിന്നും ഭക്ഷണത്തിലേക്കും ശരീരത്തിലേക്കും പുഴു വീഴുന്നുവെന്നുമാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം.
സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആര്‍ ഡി ഡി യോട് റിപ്പോര്‍ട്ട് തേടി. കെട്ടിടത്തിന് മുകളിലേക്ക് ചാഞ്ഞ പുഴു ശല്യം ഉണ്ടാകുന്ന മരം മുറിക്കാന്‍ പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കി. പുതിയ കെട്ടിടം പണിയാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാര്‍ഥികള്‍ നാല് മണിക്കൂറുകളോളം സമരം ചെയ്യേണ്ടി വന്നതിന് ശേഷമാണ് അധികൃതരുടെ കണ്ണ് തുറന്നത്.