23 December 2024

കല്‍പ്പറ്റ: കേരളം കണ്ട മഹാദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. രാത്രിയിലും തുടര്‍ന്ന പാലത്തിന്റെ നിര്‍മാണം രാവിലെ അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.

ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ്‍ സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ്‍ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.അതിനിടെ, ബെയ് ലി പാലത്തിനൊപ്പം പുഴയിലൂടെ ഫൂട് ബ്രിഡ്ജ് നിര്‍മ്മിക്കാനും സൈന്യം ശ്രമം തുടങ്ങി. ബെയ് ലി പാലത്തിന് താഴെയായി പുഴയിലാണ് നടന്നുപോകാന്‍ കഴിയുന്ന പാലം കരസേന നിര്‍മിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വന്‍ ദുരന്തമായി മാറുകയാണ് വയനാട്ടിലെ മണ്ണിടിച്ചില്‍. മരിച്ചവരുടെ എണ്ണം 264 ആയി. 240 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രണ്ടാം ദിവസം രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് ഇപ്പോള്‍ മറുകരയിലേക്ക് മാറുകയാണ്. സൈന്യം ബെയ്‌ലി പാലത്തിന്റെ പണി തുടരുകയാണ്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!