23 December 2024

യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ (RCN) പ്രസിഡന്റായി മലയാളി നഴ്‌സ് ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരാള്‍ ഈ പദവിയിലെത്തുന്നത്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവും അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുള്ളതുമായ സംഘടനയാണ് ആര്‍സിഎന്‍.

ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയാണ് ബിജോയ്. നിലവില്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സായി ജോലി ചെയ്യുന്നു. മലയാളി നഴ്‌സിങ് ജീവനക്കാര്‍ ഒറ്റക്കെട്ടായി പിന്തുണച്ചതോടെ ബിജോയി മികച്ച വിജയം നേടുകയായിരുന്നു. സ്വദേശികളായ സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ബിജോയി തിരഞ്ഞെടുക്കപ്പെട്ടത്.

ഒക്ടോബര്‍ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്‌സസ് ഫോറം ഉള്‍പ്പെടെയുള്ള നിരവധി മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലും ബിജോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

ബിജോയ് ഉള്‍പ്പെടെ 6 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2025 ജനുവരി ഒന്നു മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ടുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ല്‍ ബ്രിട്ടനിലാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങ് പ്രവര്‍ത്തനം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!