പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് നല്‍കി. സിദ്ധാര്‍ത്ഥന്റെ കുടുംബം ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
ഇരുവര്‍ക്കും വീഴ്ച പറ്റിയെന്നായിരുന്നു ചാന്‍സിലര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയത്.ഇത് മറികടന്നാണ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാന്‍ മാനേജിങ് കൗണ്‍സില്‍ നീക്കം നടത്തിയത്. ഇതേതുടര്‍ന്ന് ഭരണസമിതി യോഗത്തിന്റെ മിനിറ്റ്‌സ് ഗവര്‍ണര്‍ മരവിപ്പിച്ചു. ഇതോടെ ഇരുവരും സസ്‌പെന്‍ഷനില്‍ തുടരും.
മുന്‍ ഡീന്‍ എം.കെ.നാരായണന്‍,മുന്‍ അസി. വാഡന്‍ ഡോ.കാന്തനാഥന്‍ എന്നിവരെ തിരിച്ചെടുത്ത് കോളേജ് ഓഫ് എവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റില്‍ നിയമിക്കാനായിരുന്നു മാനേജിംഗ് കൗണ്‍സിലിന്റെ തീരുമാനം. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്‌സിറ്റിയുടെ തീരുമാനം.
എന്നാല്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റി ഭരണസമിതിയുടെ തീരുമാനം അക്കാദമി സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക എന്നും, ഇത്തരം സംഭവങ്ങള്‍ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതല്ലെന്നും, യൂണിവേഴ്‌സിറ്റിയുടെ തീരുമാനം തടഞ്ഞ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.