23 December 2024

പാലക്കാട്:പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു.

ഇവര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവര്‍ ഇടിഞ്ഞുവീണത്. എന്നാല്‍, അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂര്‍ കോളാരിയില്‍ കുഞ്ഞാമിനയാണ് (51) മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടം ഉണ്ടായത്. മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ പലയിടത്തും മണ്ണിടിച്ചില്‍. ലോവര്‍ പെരിയാര്‍ വൈദ്യുതി നിലയത്തിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണ് രണ്ട് ഫീഡറുകള്‍ തകര്‍ന്നു. താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് മരം വീണത്. ഫയര്‍ ഫോഴ്സും ഹൈ വേ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ച് മാറ്റി. കുറ്റ്യാടി ചുരം റോഡില്‍ മരം വീണതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത മഴയില്‍ ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!