24 December 2024

തിരുവനന്തപുരം:
അതീവ ദുഷ്‌കരമായ രക്ഷാദൗത്യം 27 മണിക്കൂര്‍ പിന്നിടുകയാണ്. ടണലിന്റെ 70 ശതമാനം പരിശോധന നടത്തിയിട്ടും ജോയിയെ കണ്ടെത്താനായിട്ടില്ല. ഇതിനിടെ ജോയിക്കുണ്ടായ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധികൃതര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

തിരുവനന്തപുരം ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് നോട്ടീസില്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന അടുത്ത സിറ്റിങില്‍ കേസ് പരിഗണിക്കും.

തോട് വ്യത്തിയാക്കാന്‍ റയില്‍വേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്. യാതൊരു സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് വ്യത്തിയാക്കല്‍ നടന്നതെന്ന് പറയുന്നു.


ടണ്‍ കണക്കിന് മാലിന്യം കെട്ടി കിടക്കുന്ന ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്ന കാര്യത്തില്‍ റയില്‍വേയും നഗരസഭയും തമ്മില്‍ തര്‍ക്കമുണ്ടെന്നും വാര്‍ത്തകളുണ്ട്. രക്ഷാദൗത്യം നടത്താന്‍ പോലും മാലിന്യക്കൂമ്പാരം വെല്ലുവിളിയായിട്ടുണ്ട്. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഫയര്‍ഫോഴ്‌സ് സ്‌കൂബ ഡൈവിങ് സംഘം എട്ട് തവണയാണ് പരിശോധന നടത്തിയത്. ഇനി രക്ഷാദൗത്യം ഏറ്റെടുത്ത് എന്‍ഡിആര്‍എഫ് സ്‌കൂബ സംഘം ടണലിലേക്ക് ഇറങ്ങും. നൈറ്റ് വിഷന്‍ ക്യാമറയുമായാണ് പരിശോധന തുടരുന്നത്. ടണലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പരിശോധന നടത്തും. റെയില്‍വെയുടെ അഞ്ചാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ടണലിലേക്ക് പരിശോധന നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!