ന്യൂഡല്‍ഹി: വിമാനത്തില്‍ പറക്കുന്നതിനിടയില്‍ പൈലറ്റ് ഇറങ്ങിപ്പോയാല്‍ എങ്ങനെയിരിക്കും, കൗതുകമായിരിക്കും. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് വരുന്നത്. പാരീസ്-ന്യൂഡല്‍ഹി എയര്‍ ഇന്ത്യയിലാണ് സംഭവം. ജോലി സമയം അവസാനിച്ചതിന് പിന്നാലെ വിമാനം ജയ്പൂരിലെത്തി നിര്‍ത്തി പൈലറ്റുമാര്‍ ഇറങ്ങിപ്പോകുകയായിരുന്നു.
തുടര്‍ന്ന് ബസ് മുഖാന്തരമാണ് വിമാനത്തിലെ യാത്രക്കാരെ ഡല്‍ഹിയിലെത്തിച്ചത്. എയര്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക വിവരമില്ലെങ്കിലും എയര്‍ലൈന്‍ മറ്റൊരു വിമാനം ഏര്‍പ്പാടാക്കാതെ ബസ് മുഖാന്തരം യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കുകയായിരുന്നുവെന്ന് സ്രോതസുകള്‍ വ്യക്തമാക്കി.
ഞായറാഴ്ച രാത്രി 10 മണിക്കാണ് എഐ-2022 വിമാനം പാരീസില്‍ നിന്ന് പറന്നുയര്‍ന്നത്. ഇന്ന് രാവിലെ 10.35ന് ഡല്‍ഹിയിലെത്തുന്ന രീതിയിലായിരുന്നു സജ്ജീകരണം. ഡല്‍ഹിയിലെ മഞ്ഞ് കാരണം വിമാനം ജയ്പൂരില്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ യാത്ര പുനരാരംഭിക്കാനിരിക്കവേ ജോലി സമയം കഴിഞ്ഞെന്ന് ആരോപിച്ച് പൈലറ്റുമാര്‍ യാത്ര തുടരാന്‍ വിസമ്മതിക്കുകയായിരുന്നു.
അതേസമയം യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഏര്‍പ്പാടാക്കിയില്ലെന്നും യാത്ര വൈകിപ്പിച്ചെന്നും ആരോപിച്ച് യാത്രക്കാരും രംഗത്തെത്തി. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ എയര്‍ലൈന്‍ ബസ് തയ്യാറാക്കി നല്‍കിയെന്നും എന്നാല്‍ വളരെ സമയമെടുത്താണ് യാത്രാ സംവിധാനം തയ്യാറാക്കി നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.