24 December 2024

തൃശൂര്‍: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. വേതനം ഉടന്‍ ലഭ്യമാക്കുക, ഓണക്കാലത്തെ ഓണറേറിയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ധനകാര്യ വകുപ്പിന് റേഷന്‍ വ്യാപാരികളോട് ചിറ്റമ്മ നയമാണെന്ന് സമര പ്രഖ്യാപനം നടത്തി ജോണി നെല്ലൂര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസമായി വേതനം/ കമ്മീഷന്‍ ലഭിച്ചിട്ടില്ല. ധനകാര്യ വകുപ്പ് മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പണം കൊടുക്കുന്നുണ്ട്. എന്നാല്‍ റേഷന്‍ വ്യാപാരികളോട് ചിറ്റമ്മ നയം പുലര്‍ത്തുന്നു. കടകള്‍ അടച്ചിട്ട് സമരം നടത്താന്‍ താല്‍പ്പര്യമില്ല. എന്നാല്‍ അനിവാര്യമായ സാഹചര്യത്തിലാണ് നവംബര്‍ 19 ന് റേഷന്‍ കടകള്‍ അടച്ച് സമരം നടത്താന്‍ തീരുമാനിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ഭക്ഷ്യവകുപ്പില്‍ നിന്ന് എല്ലാ റിപ്പോര്‍ട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ധനകാര്യവകുപ്പ് വിഷയത്തില്‍ മെല്ലപ്പോക്കു തുടരുകയാണ്. എകെആര്‍ആര്‍ഡിഎ, കെആര്‍യു – സിഐടിയു, കെഎസ്ആര്‍ആര്‍ഡിഎ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്. സമരത്തിന്റ ഭാഗമായി താലൂക്ക് കേന്ദ്രങ്ങളിലേക്ക് പ്രതിഷേധം മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!