ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലായിരുന്നു പ്രഖ്യാപനം. വെടിവെയ്പില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയില്‍ ബാന്‍ഡേജ് ധരിച്ചാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്. ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്,സൗത്ത് കാരലൈന മുന്‍ ഗവര്‍ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുടങ്ങിയ മുന്‍നിര നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച അവസാനിക്കും.
അതേസമയം, അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജെ ഡി വാന്‍സിനെ പ്രഖ്യാപിച്ചു. സമഗ്ര കൂടിയാലോചനകള്‍ക്ക് ശേഷമാണ് 39കാരനായ വാന്‍സിനെ തെരഞ്ഞെടുത്തതെന്ന് ഡോണള്‍ഡ് ട്രംപ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജെ ഡി വാന്‍സ്. നിലവില്‍ ഒഹായോ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന യുഎസ് സെനറ്ററാണ് വാന്‍സ്. ജെ ഡി വാന്‍സിന്റെ ഭാര്യ ഉഷ ചിലുകുരി വാന്‍സ് ഇന്ത്യന്‍ വംശജയാണ്. നേരത്തെ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്നു വാന്‍സ്.