23 December 2024

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യമായെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയുടെ മടക്ക യാത്ര വൈകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് തിരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, മടക്കം മറ്റന്നാള്‍ ആയിരിക്കാനാണ് സാധ്യത. കണ്ടെയ്നറുകള്‍ ഇറക്കുന്നത് വൈകുന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.

ചൈനയില്‍ നിന്ന് എത്തിയ കപ്പല്‍ കൊളംബോയിലേക്കാണ് തിരിച്ചു പോകുക. ഫീഡര്‍ വെസ്സലുകള്‍ എത്തുന്നതും വൈകും. ഇന്ന് രാവിലെയെത്തിയ മദര്‍ഷിപ്പിനെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സര്‍വാനന്ത സോനോവാളും ചേര്‍ന്നാണ് ഔദ്യോഗികമായി സ്വീകരിച്ചത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്‍കി.

ആദ്യ മദര്‍ഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. വിഴിഞ്ഞം ഇടവക വികാരി മോന്‍സിഞ്ഞോര്‍ നിക്കോളാസ് ചടങ്ങില്‍ പങ്കാളിയായി. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര തുറമുഖമന്ത്രി സോനോവാളിനും പുറമെ അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനിയും ചടങ്ങിനെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞത്തിന്റെ വിജയമെന്ന് ചീഫ് സെക്രട്ടറി വി വേണു ചടങ്ങില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് ഇ കെ നായനാര്‍ മന്ത്രിസഭയെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അദാനിയുമായി കരാര്‍ ഒപ്പുവെച്ചത്. പ്രദേശ വാസികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കും. പറഞ്ഞ വാക്ക് പാലിക്കുമെന്നും ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ ഇച്ഛാശക്തി കൊണ്ടാണ് തുറമുഖം പൂര്‍ത്തിയായതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ വിഴിഞ്ഞം ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്‌കരിക്കില്ല. സ്ഥലം എംഎല്‍എ എന്‍ വിന്‍സന്റ് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചൈനയിലെ ഷിയാമിന്‍ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലില്‍ 2000ലധികം കണ്ടെയ്നറുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!