മഴ ശക്തമാകുമെന്നതിനാല്‍ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവര്‍ ഈ ദിവസങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വീതം ജില്ലകള്‍ക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകള്‍ക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.
പഞ്ചായത്ത്തല ദുരന്തനിവാരണ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം. അപടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ കളക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ടെണ്ടര്‍ നടപടി കാത്തുനില്‍ക്കേണ്ടതില്ല. നിര്‍മ്മാണങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് മന്ത്രി പറഞ്ഞു.