കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധി വധേരയും വയനാട്ടിലെ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. ഇരുവരും പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ദുരിതബാധിതരെ കാണുകയും ചെയ്തു.
വയനാടിനും കേരളത്തിനും രാജ്യത്തേയും സംബന്ധിച്ച് ഇത് ഭയാനകമായ ഒരു ദുരന്തമാണ്. ഞങ്ങള്‍ ഇവിടെ വന്നത് സാഹചര്യം വിലയിരുത്താനായാണ്. നിരവധി പേര്‍ക്ക് കുടുംബാംഗങ്ങളും വീടും നഷ്ടപ്പെട്ടുവെന്നത് വേദനാജനകമാണ്. സഹായിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. അതിജീവിച്ചവര്‍ക്ക് അവരുടെ അവകാശം ലഭിക്കും. അവരില്‍ പലരും ഇവിടെ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അഡ്മിനിസ്‌ട്രേഷന്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരോട് ഞാന്‍ നന്ദി പറയുന്നു.’ വയനാട്ടില്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന്, എന്റെ അച്ഛന്‍ മരിച്ചപ്പോള്‍ എനിക്കെങ്ങനെയാണോ സങ്കടം തോന്നിയത് അത് പോലെയാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ഇവിടെ ആളുകള്‍ക്ക് പിതാവിനെ മാത്രമല്ല, ഒരു കുടുംബത്തെയാകെ നഷ്ടപ്പെട്ടു. ഞങ്ങള്‍ എല്ലാവരും ഈ ആളുകളോട് ബഹുമാനവും സ്നേഹവും കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ വയനാടിലേക്കാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയെ തുടര്‍ന്ന് ചൊവ്വാഴ്ച വയനാട്ടിലുണ്ടായ മൂന്ന് ഉരുള്‍പൊട്ടലില്‍ ഇതുവരെ 284 പേര്‍ മരിച്ചു. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, നൂല്‍പ്പുഴ വില്ലേജുകളിലാണ് ഉരുള്‍പൊട്ടല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. മണ്ണിടിച്ചിലില്‍ 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം വ്യാഴാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നതിനാല്‍ സൈന്യം ആയിരത്തോളം പേരെ രക്ഷപ്പെടുത്തി.
ഹ്യുമാനിറ്റേറിയന്‍ അസിസ്റ്റന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ റിലീഫ് (എച്ച്എഡിആര്‍) പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സൈന്യം കോഴിക്കോട്ട് ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ആരംഭിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി 1500 സൈനികരെയെങ്കിലും വിന്യസിച്ചിട്ടുണ്ടെന്നും ഫോറന്‍സിക് സര്‍ജന്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വയനാട്ടിലും മറ്റ് പല ജില്ലകളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്ക, റഷ്യ, ചൈന, ഇറാന്‍, യു.എ.ഇ തുടങ്ങി നിരവധി രാജ്യങ്ങള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുള്ള മരണങ്ങളില്‍ അനുശോചനം രേഖപ്പെടുത്തി.