25 December 2024

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തുന്നതായി ജില്ലാ കളക്ടര്‍.ഇന്നലെ രാത്രി 9 മണിക്ക് തെരച്ചില്‍ നിര്‍ത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടര്‍.

ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചില്‍ അല്‍പസമയം കൂടി തുടര്‍ന്നിരുന്നു. എന്നാല്‍ മേഖലയില്‍ മഴ അതിശക്തമായി പെയ്യുന്നതുകൊണ്ട് . കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് തെരച്ചില്‍ നിര്‍ത്തുന്നതെന്നും കളക്ടര്‍ അറിയിച്ചു.

അതിരാവിലെ മുതല്‍ തെരച്ചില്‍ തുടരും. പുലര്‍ച്ചെ അഞ്ചരയ്ക്ക് തെരച്ചില്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്ന് റഡാര്‍ ഉപയോഗിച്ചായിരിക്കും തെരച്ചില്‍ നടത്തുക. ബെംഗളുരുവില്‍ നിന്ന് റഡാര്‍ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് കൊണ്ടുവരിക.

രാവിലെത്തന്നെ റഡാര്‍ ഡിവൈസ് എത്തിക്കാന്‍ ആണ് ശ്രമം. ഈ റഡാര്‍ വഴി കൃത്യം ലോറി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും ഇന്ന് നാവികസേന, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, പൊലീസ്, അഗ്‌നിശമനസേന ഇത്രയും സംഘങ്ങള്‍ ചേര്‍ന്നാണ് രക്ഷാദൗത്യം തുടരുക.

കഴിഞ്ഞ നാലു ദിവസങ്ങളിലായി അര്‍ജുന്‍ ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴയാണ് ഇവിടെ. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അര്‍ജുന് വേണ്ടി കണ്ണീരോടെ, അതിലേറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബം.

അര്‍ജുന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങണമെന്ന് അര്‍ജുന്റെ ഭാര്യാസഹോദരന്‍ ജിതിന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!