27 December 2024

ഡൗണിങ് സ്ട്രീറ്റ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഔദ്യോഗിക വസതി. ഋഷി സുനകിന്റെ പടിയിറക്കത്തിനും കെയ്ര്‍ സ്റ്റാര്‍മറുടെ പടികയറ്റത്തിനും സാക്ഷ്യമാകുന്ന ഇവിടെ മാറ്റമില്ലാത്ത അധികാര കസേരയില്‍ തുടരുന്ന ഒരാളുണ്ട്. ലാറി. ഡൗണിങ് സ്ട്രീറ്റിന്റെ മുഖ്യ കാവലാളായ ലാറി പൂച്ച, ആറ് പ്രധാനമന്ത്രിമാരുടെ സ്ഥാനമാറ്റത്തിനിടയിലും മാറ്റമില്ലാതെ തന്റെ അധികാരം കൈയ്യാളുന്നുണ്ട്. ഡേവിഡ് കാമറൂണ്‍, തെരേസ മേ, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക് എന്നിവര്‍ക്ക് ഒപ്പം ഡോണിങ് സ്ട്രീറ്റില്‍ കഴിഞ്ഞ ഈ പൂച്ച കെയ്ര്‍ സ്റ്റാര്‍മര്‍ക്കൊപ്പവും തുടരും.

പതിനാല് വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിന് അവസാനം കുറിച്ചാണ് രാജ്യത്ത് ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരം പിടിച്ചത്. എന്നാല്‍ 1885 ന് ശേഷം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. മുഖ്യധാര രാഷ്ട്രീയത്തോട് ജനത്തിനുള്ള താത്പര്യം കുറയുന്നതാണ് തെരഞ്ഞെടുപ്പിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ ഒരു അഭിപ്രായ സര്‍വേയിലെ ഉത്തരവും ഇതിന് തെളിവായി ഉയര്‍ത്തിക്കാട്ടപ്പെടുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേര്‍ കെയ്ര്‍ സ്റ്റാര്‍മറെയും 22 ശതമാനം പേര്‍ റിഷി സുനകിനെയും പിന്തുണച്ച സര്‍വേയില്‍ 44 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ലാറി പൂച്ച പ്രധാനമന്ത്രിയാകണം എന്നായിരുന്നു.

തെരുവില്‍ എലികളെ തിന്ന് ജീവിച്ച വെറുമൊരു പൂച്ചയില്‍ നിന്ന് ലോകമറിയുന്ന ലാറി പൂച്ചയായുള്ള വളര്‍ച്ചയ്ക്ക് 13 വര്‍ഷത്തെ പ്രായമേയുള്ളൂ. 2011 ലാണ് നമ്പര്‍ 10 സ്ട്രീറ്റിലെ ഒരു ജീവനക്കാരന്‍ പൂച്ചയെ ദത്തെടുത്തത്. പാറ്റ, എലി, പുഴുക്കള്‍ തുടങ്ങിയവയുടെ ശല്യം പൊറുതിമുട്ടിയതോടെയായിരുന്നു ഇത്. അന്ന് തൊട്ട് പ്രധാനമന്ത്രിയുടെ വീട്ടിലെ മുഖ്യ എലിപിടുത്തമായി ലാറിയുടെ ജോലി. എന്നാല്‍ പ്രിവിലേജിന്റെ കൊടുമുടിയിലെത്തിയ ലാറി പക്ഷെ സ്വന്തം ജോലിയില്‍ മിടുമിടുക്കനായിരുന്നു. പരിചയമില്ലാത്ത സിവില്‍ സര്‍വന്റായാലും ശല്യക്കാരനായ എലിയായാലും കുറുക്കനായാലും ലാറിയുടെ ശൗര്യത്തിന് മുന്നില്‍ തോറ്റു. പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിന് എലിക്ക് നേരെ ഫോര്‍ക്ക് എറിയേണ്ടി വന്നെന്നാണ് പണ്ട് വന്ന വാര്‍ത്തകള്‍. എന്നാല്‍ പിന്നീടൊന്നും അത്തരം സംഭവമുണ്ടായില്ല. ഡൗണിങ് സ്ട്രീറ്റില്‍ രാഷ്ട്രീയക്കാറ്റ് മാറി മാറി വന്ന ഘട്ടത്തിലൊന്നും ലാറിയുടെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. 13 വര്‍ഷ്തിനിടെ അഞ്ച് പ്രധാനമന്ത്രിമാര്‍ ഡൗണിങ് സ്ട്രീറ്റില്‍ വന്നുപോയി. പുതുതായി എത്തിയ കെയ്ര്‍ സ്റ്റാര്‍മറിനൊപ്പവും ലാറി തുടരും.

ബ്രിട്ടനില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. 650 അംഗ പാര്‍ലമെന്റില്‍ 412 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടി. 121 സീറ്റില്‍ ഒതുങ്ങിയ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഏറ്റുവാങ്ങി. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് അടക്കം നേതാക്കള്‍ കൂട്ടത്തോടെ തോറ്റു. ഋഷി സുനകിന് റിച്ച്മണ്ട് ആന്‍ഡ് നോര്‍തലേര്‍ട്ടന്‍ സീറ്റ് നിലനിര്‍ത്താനായി. സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റ പ്രശ്‌നവും ആരോഗ്യമേഖലയിലെ വെല്ലുവിളികളും മുഖ്യ ചര്‍ച്ചാ വിഷയമായ തെരഞ്ഞെടുപ്പില്‍ ഋഷി സുനക് സര്‍ക്കാരിന്റെ നയങ്ങളെ ജനം പാടെ തള്ളി. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ക്ഷണം ലഭിച്ചതോടെ തന്നെ കെയ്ര്‍ സ്റ്റാര്‍മറും ഭാര്യ വിക്ടോറിയയും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയിരുന്നു. ചാള്‍സ് രാജാവിനെ കണ്ട ശേഷമാണ് സ്റ്റാര്‍മര്‍ തന്റെ ഔദ്യോഗിക ജോലികളിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!