കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി (കാസ്പ്) ക്ക് 100 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന ധനകാര്യ വകുപ്പ്. ഏപ്രില്‍ ആദ്യം 150 കോടി രൂപ പദ്ധതിക്കായി നല്‍കിയിരുന്നു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ 2,795 കോടി രൂപയാണ് പദ്ധതിക്കായി ഇതുവരെ നല്‍കിയിട്ടുള്ളത്. ഇതില്‍ വര്‍ഷം 151 കോടി രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വിഹിതമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ദരിദ്രരും ദുര്‍ബലരുമായ 42 ലക്ഷത്തോളം വരുന്ന കുടുംബങ്ങളുടെ ചികിത്സയ്ക്കായാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി.
കുടുംബത്തിന് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയില്‍ 41.99 ലക്ഷം കുടുംബങ്ങള്‍ ഗുണഭോക്താക്കളാണ്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി നടപ്പാക്കിയ പദ്ധതിയില്‍, 1050 രൂപയാണ് ഒരു കുടുംബത്തിന്റെ വാര്‍ഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ 23.97 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് കേന്ദ്ര സഹായമുള്ളത്. 631.20 രൂപ വീതമാണ് ഓരോ കുടുംബത്തിനും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുക. ഈ കുടുംബങ്ങള്‍ക്ക് ബാക്കി തുകയും 18.02 ലക്ഷം പേരുടെ പ്രീമിയത്തിന്റെ മുഴുവന്‍ തുകയും സംസ്ഥാനസര്‍ക്കാരാണ് നല്‍കുന്നത്.
197 സര്‍ക്കാര്‍ ആശുപത്രി, നാല് കേന്ദ്ര സര്‍ക്കാര്‍ ആശുപത്രി, 364 സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി കേരളത്തിലുടനീളം പദ്ധതിയുടെ സേവനം ലഭ്യമാണ്. മരുന്നുകള്‍, അനുബന്ധ വസ്തുക്കള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തിയറ്റര്‍ ചാര്‍ജുകള്‍, ഐസിയു ചാര്‍ജ്, പരിശോധനകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. കാസ്പ്‌സ് ഗുണഭോക്താക്കള്‍ അല്ലാത്ത, മൂന്നുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവുമുള്ള കുടുംബങ്ങള്‍ക്ക് ഒറ്റത്തവണത്തേക്ക് രണ്ടു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം ഉണ്ട്. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ലഭ്യമാകും.