26 December 2024

സംസ്ഥാനത്ത് പക്ഷിപ്പനിയില്‍ (എച്ച്-5 എന്‍-1) കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയതായി മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) തീരുമാന പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

ചേര്‍ത്തലയില്‍ താറാവുകളിലും തുടര്‍ന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. കര്‍ഷകരും പക്ഷി വളര്‍ത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പൊതുജനാരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന മാര്‍ഗരേഖയാണിത്.

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!