24 December 2024

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയിന്മേല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാരും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഇരുവരുടെയും സത്യവാങ്മൂലത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമായാണ് പരാമര്‍ശിച്ചത്. നീറ്റ് പരീക്ഷാഫലത്തില്‍ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ ദൃശ്യങ്ങള്‍ വ്യാജമെന്ന് NTAയും സുപ്രീംകോടതി അറിയിച്ചു. പരീക്ഷയുടെ പവിത്രതയ്‌ക്കേറ്റ കളങ്കം വേര്‍തിരിക്കാന്‍ ആയില്ലെങ്കില്‍ പുനപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.

ഹര്‍ജിക്കാരോട് പ്രധാനവാദങ്ങള്‍ ഒരുമിച്ച് സമര്‍പ്പിക്കാനും സുപ്രീംകോടതി അറിയിച്ചിരുന്നു. ടെലഗ്രാമില്‍ പ്രചരിച്ച നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ദൃശ്യങ്ങള്‍ വ്യാജവും കൃത്രിമമായി സൃഷ്ടിച്ചതെന്നാണ് എന്‍ടിഎ സത്യവാങ്മൂലത്തില്‍ പറയുന്നത്. മെയ് 5ന് എടുത്ത ദൃശ്യങ്ങള്‍ മെയ് 4ലേക്ക് എഡിറ്റ് ചെയ്ത് മാറ്റുകയാണ് ഉണ്ടായത് എന്നും NTA കോടതിയില്‍. ഐഐടി മദ്രാസിന്റെ റിപ്പോര്‍ട്ടില്‍ വ്യാപക ക്രമക്കേടോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ലെന്നാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രമക്കേട് നടന്നത് ചിലയിടങ്ങളില്‍ മാത്രമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!