25 December 2024

കാഫിര്‍ പ്രയോഗം വടകരയിലെ യു ഡി എഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയര്‍ന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെകെ ഷൈലജയെ വ്യക്തിഹത്യ നടത്തിയെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു. കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദമായി വിശകലനം ചെയ്യുമ്പോള്‍ വടകരയില്‍ നടന്ന യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്ന പ്രത്യേക സംസ്‌കാരമാണ് അതിലേക്ക് നയിച്ചത് എന്ന് കാണാന്‍ കഴിയുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ഒറ്റപ്പെട്ട പ്രശ്‌നം എന്ന രീതിയിലാണ് ബോധപൂര്‍വം ഇതിനെ മാറ്റാന്‍ ശ്രമിക്കുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഷൈലജക്കെതിരെ നടന്ന അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട തുടക്കത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന് ടീച്ചര്‍ പറഞ്ഞുവെന്ന് പ്രചരണം നടത്തിയെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു. ലൗജിഹാദുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നിലപാടാണ് ടീച്ചര്‍ക്കുള്ളതെന്ന് പ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരത്തിന്റെ ലെറ്റര്‍പാഡ് വ്യാജമായി നിര്‍മ്മിച്ച പ്രചരണം നടത്തി. നിരവധി വ്യാജമായ സൃഷ്ടികള്‍ നടത്തി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് പിന്നിലുള്ള ലീഗിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പാനൂര്‍ ബോംബ് കേസിലെ പ്രതികള്‍ക്കൊപ്പം ടീച്ചര്‍ നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു. ടീച്ചറുടെ ബൈറ്റുകളും ഇന്റര്‍വ്യൂവും തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

നവമാധ്യമങ്ങളില്‍ നടക്കുന്ന കള്ളപ്രചരണങ്ങളെ തുറന്നു കാട്ടുക എന്നത് അതിപ്രധാന ഉത്തരവാദിത്വമാണ്. മതനിരപേക്ഷതയ്ക്ക് വേണ്ടി എന്നും പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്ന് എംവി ഗോവന്ദന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്റെ മതേതര നിലപാട് ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടാവുന്നതല്ല. സിപിഐഎം ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരായ നിലപാട് എന്നും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

വ്യാജവാര്‍ത്തയും വ്യാജ ഐഡി കാര്‍ഡ് നിര്‍മിക്കലും എല്ലാം നടത്തുന്നതാരാണെന്ന് കേരളത്തിലെ എല്ലാവര്‍ക്കും അറിയാമെന്ന് എംവി ?ഗോവിന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ അശ്ലീലവും വര്‍ഗീയതയും ചേര്‍ത്ത് യുഡിഎഫ് കൈകാര്യം ചെയ്തിട്ടുണ്ട്. കാഫിര്‍ പ്രയോഗവുമായി ബന്ധപ്പെട്ട ആദ്യ പരാതി നല്‍കിയത് എല്‍ഡിഎഫ് ആണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

തെറ്റായ ഒരു സമീപനത്തിന്റെയും ഭാഗമായി പോകേണ്ട നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഐഎം മുമ്പ് തള്ളിപ്പറഞ്ഞ ചില ഗ്രൂപ്പുകളെ ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിനെതിരെ പ്രചരണം നടത്തുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പോലീസ് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ അന്വേഷണം ഇടതുപക്ഷത്തേക്ക് നീങ്ങുന്നു എന്ന പുകമറ സൃഷ്ടിക്കുകയല്ലെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!