25 December 2024

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പില്‍ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അക്രമി ഷിനിയെ തന്നെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നാണ് വീട്ടുകാരുടെ മൊഴിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. രണ്ട് തവണ വെടിവച്ചു. എന്താണ് വെടിവെക്കാന്‍ ഉപയോഗിച്ച ഡിവൈസ് എന്ന് സ്ഥിരീകരിച്ചിട്ടില്ല. എയര്‍ഗണ്‍ ആയിരിക്കാനാണ് സാധ്യത. ഷിനിയുടെ കൈക്ക് ചെറിയ പരിക്കാണ് ഉള്ളത്. വീട്ടുകാര്‍ പറഞ്ഞത് അനുസരിച്ച് ശരീരം മുഴുവന്‍ മറച്ചാണ് അക്രമി എത്തിയത്. പ്രാഥമിക മൊഴിയില്‍ നിന്ന് അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് കരുതുന്നത്.


അതേസമയം അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും. ഷിനിയെ ചോദിച്ചാണ് അക്രമി വന്നതെന്ന് ഷിനിയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.രാവിലെ എട്ടരയോടെയാണ് വീട്ടിലെത്തി ബെല്ലടിച്ചത്. ഷിനി തന്നെ കൊറിയര്‍ ഏറ്റുവാങ്ങി ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചു. പെന്‍ ഇല്ലെന്നും അവര്‍ പറഞ്ഞു. താന്‍ അകത്ത് പോയി പെന്‍ എടുത്ത് വരുന്നതിനിടെയാണ് ഷിനിക്കുനേരെ അക്രമം ഉണ്ടായത്. ഒരു തവണ കയ്യിലും രണ്ട് തവണ തറയിലും വെടിയുതിര്‍ത്തു. സ്ത്രീ തന്നെയാണ് വന്നത്. ഒത്ത ശരീരമുള്ള സ്ത്രീയാണെന്നാണ് കാഴ്ചയില്‍ തോന്നിയതെന്നും ഭാസ്‌കരന്‍ നായര്‍ പറഞ്ഞു.

തിരുവനന്തപുരം വഞ്ചിയൂര്‍ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് ഇന്ന് രാവിലെ മുഖംമറച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു.എന്‍ആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലുതു കൈക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ ഷിനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആമസോണില്‍ നിന്നുള്ള കൊറിയര്‍ നല്‍കാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ ഭര്‍തൃപിതാവ് പാഴ്‌സല്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയില്ല. ഷിനി ഇറങ്ങി വന്നപ്പോള്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!