ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ യുവതിയുടെ മൃതദേഹം 30 കഷ്ണങ്ങളായി അടച്ചിട്ട വീടിനുള്ളിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തി. മഹാലക്ഷ്മി എന്ന 29 കാരിയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ വലയിക്കാവല് പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മൃതദേഹത്തിന് ഏകദേശം ഒരാഴ്ച പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
‘വയലിക്കല് പൊലീസ് സ്റ്റേഷന് പരിധിയിലെ അടച്ചിട്ട വീട്ടില്‍ സ്ത്രീയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് നാല്- അഞ്ച് ദിവസം പഴക്കമുള്ളതായി കരുതുന്നു. മൃതദേഹം തിരിച്ചറിഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കും. അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ എന്‍ സതീഷ് കുമാര്‍ പറഞ്ഞു. അടച്ചിട്ട വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. അതോടെ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് വീടിന്റെ ഉള്ളില്‍ ഫ്രിഡ്ജില്‍ നിന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയത്.
പ്രദേശത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് സിറ്റി പൊലീസ് പറഞ്ഞു.ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു യുവതി. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി ബെം?ഗളൂരു സെന്‍ട്രല്‍ ഡിവിഷനല്‍ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു.