24 December 2024

സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദി മുക്അബിന്റെ (The Mukaab) നിര്‍മ്മാണം ആരംഭിച്ചു. 50 ബില്ല്യണ്‍ യുഎസ് ഡോളര്‍ (4,203,82 കോടി രൂപ) ആണ് ഈ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. 1300 അടി ഉയരവും 1200 അടി വീതിയുമുള്ള കെട്ടിടം 20 എംപയര്‍ സ്റ്റേറ്റ് കെട്ടിടങ്ങളുടെ വലിപ്പമുള്ളതാകുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

20 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കെട്ടിടത്തില്‍ വാണിജ്യ, പാര്‍പ്പിട യൂണിറ്റുകള്‍, മികച്ച ഡൈനിംഗ്, റീട്ടെയില്‍, ഓഫീസുകള്‍ , റെസ്റ്റോറന്റുകള്‍ എന്നിവയും ഉണ്ടാകും. ഇതിനുപുറമേ 9,000 ഹോട്ടല്‍ മുറികളും 104,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ഇത് ഉള്‍കൊള്ളുന്നു. 400 മീറ്റര്‍ ഉയരവും 400 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയുമുള്ള ക്യൂബ് ആകൃതിയിലുള്ള കെട്ടിടം ലോകത്തെ ഏറ്റവും വലിയ നിര്‍മിതികളിലൊന്നായിരിക്കും.

ഇമ്മേഴ്സീവ് ഡിജിറ്റല്‍, ഹോളോഗ്രാഫിക്‌സ് അടക്കം ഡിജിറ്റല്‍, വെര്‍ച്വല്‍ സാങ്കേതികവിദ്യാ അനുഭവം പ്രദാനം ചെയ്തായിരിക്കും കെട്ടിടം നിര്‍മ്മിക്കുക. കൂടാതെ ആധുനിക നജ്ദി വാസ്തുവിദ്യാ ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മുകാബ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ന്യൂ മുറാബഡെവലപ്മെന്റ് കമ്പനി, നിര്‍മ്മിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു. മുകാബിന്റെ പുറംഭാഗത്ത് കൂറ്റന്‍ സ്‌ക്രീനുകളും സ്ഥാപിക്കും.

കെട്ടിടത്തിന്റെ ഏത് സ്ഥലത്തു നിന്നും 15 മിനിറ്റിനുള്ളില്‍ ഹരിത ഇടങ്ങളില്‍ പ്രവേശിക്കുന്ന തരത്തിലാണ് ഇത് ഒരുക്കുന്നതെന്നും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഈ വമ്പന്‍ കെട്ടിടസമുച്ചയം എണ്ണ ഇതര ജിഡിപിയിലേക്ക് 51 ബില്യണ്‍ ഡോളര്‍ ( ഏകദേശം 428,000 കോടി ) കൂട്ടിച്ചേര്‍ക്കുമെന്നും 334,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2030 ല്‍ ഈ പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. ഇതിനായി 900 തൊഴിലാളികളെയും നിയമിക്കും. രാജ്യത്തെ ആധുനികവല്‍ക്കരിക്കാനും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ലക്ഷ്യമിട്ടു കൊണ്ടുള്ള സൗദിയുടെ വിശാല പദ്ധതിയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!