ആലപ്പുഴ: മാന്നാറില്‍ നിന്ന് കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോണ്‍. കല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ് പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭര്‍ത്താവ് അനിലിനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അനിലിനെ നാട്ടിലെത്തിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവില്‍ അഞ്ച് പേര്‍ കസ്റ്റഡിയിലുണ്ട്. കസ്റ്റഡിയിലുള്ളവരില്‍ ബന്ധുക്കളും അല്ലാത്തവരും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതകമെന്ന വിവരം ലഭിച്ചത് അമ്പലപ്പുഴ പൊലീസിനാണ്. വിശ്വസനീയമായ വിവരമാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ ആരാണ് വിവരം നല്‍കിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നും എസ് പി വ്യക്തമാക്കി.
15 വര്‍ഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തി അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴും പരിശോധന തുടരുകയാണ്. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ അരിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതില്‍ വ്യക്തത വരുത്താനാകൂ.
കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലെത്തിയത്. സംഭവത്തില്‍ അനിലിന്റെ സൃഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് കല കൊല്ലപ്പെട്ടതാണെന്ന് സുഹൃത്തുക്കള്‍ സമ്മതിച്ചു. കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. ഇതോടെ കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.
കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല. കാണാതാകുമ്പോള്‍ കലയ്ക്ക് 20 വയസ്സായിരുന്നു പ്രായം. കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയില്‍ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. കലയെ കാണാതായതിന് ശേഷം അനില്‍ വിദേശത്തേക്ക് ജോലി ആവശ്യാര്‍ഥം പോകുകയായിരുന്നു. ഇയാള്‍ പിന്നീട് വീണ്ടും വിവാഹിതനാകുകയും ചെയ്തു. നിലവില്‍ ഇസ്രയേലിലാണ് അനില്‍.