ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറല്‍ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് അമ്മക്ക് എതിരെയുള്ള റിപ്പോര്‍ട്ട് അല്ല.അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടില്‍ നിര്‍ത്തിയിട്ടുമില്ല. ഞങ്ങള്‍ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വര്‍ഷം മുമ്പ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചര്‍ച്ചയില്‍ അന്ന് പങ്കെടുത്തതെന്നും തങ്ങളുടെ നിര്‍ദേശങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു.
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എന്റെ ജീവിതത്തില്‍ അത്തരമൊരു പവര്‍ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേര്‍ത്ത് ഒരു ഹൈ പവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവര്‍ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിലപാട് വ്യക്തമാക്കാത്ത സിനിമാ സംഘടനകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് താരംസംഘടനയായ അമ്മയിലെ ഭിന്നത പുറത്തുവന്നത്.