മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്പേ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.
ഇന്നു വൈകീട്ടു ചേരുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും. തുടര്‍ന്ന് പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തു സഹിതം രാഷ്ട്രപതിക്ക് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി ജെഡിയു, ടിഡിപി എന്നിവരില്‍ നിന്നും പിന്തുണക്കത്ത് ലഭിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎക്കൊപ്പമാണെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും എന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ ആരുടെ സര്‍ക്കാര്‍ എന്നു വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ സ്ഥാനമാനങ്ങള്‍ക്കായി രണ്ടു പാര്‍ട്ടികളും ബിജെപിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പദവി, കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍, സ്പീക്കര്‍ പദവി തുടങ്ങിയ വിലപേശലുകളാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.