തിരുവല്ല: മകളെ കൊലപ്പെടുത്തി തിരുവല്ല മാർത്തോമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും ഭർത്താവും ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് പോലീസ് റിപ്പോർട്ട്. തിരുവല്ല മാർത്തോമ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ കല്ലൂപ്പാറ സ്വദേശിനി ജിബി എബ്രഹാം (38), ഭർത്താവ് കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനൻ (43), ജിബിയുടെ ആദ്യവിവാഹത്തിലുള്ള മകൾ ജെയിൻ മരിയ ജേക്കബ് (11) എന്നിവരാണ് ആത്മഹത്യാ ചെയ്തത്. കുടക് ജില്ലയിലെ മടിക്കേരിക്ക് സമീപം കഗോഗ്ഡ്ലു ലോസോ അരിഗോ റിസോർട്ടിലെ കോട്ടേജിൽ ശനിയാഴ്ച രാവിലെയാണ് മുന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വിമുക്തഭടനായ ജിബി എബ്രഹാം തിരുവല്ലയിൽ എജ്യുക്കേഷൻ കൺസൾട്ടൻസി നടത്തുകയായിരുന്നു. കനേഡിയൻ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽനിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തുവെന്ന് സൂചനയുണ്ട്. ഇതേത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണ് വിവരം. ഇതാകാം കുടുംബം ആത്മഹത്യ ചെയ്യാനുള്ള കാരണം.
വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് മൂന്നംഗ കുടുംബം റിസോർട്ടിൽ മുറിയെടുത്തത്. കുറച്ചുനേരം ഇവർ റിസോർട്ട് ചുറ്റിനടന്ന് കണ്ടിരുന്നു പിനീട് പുറത്തുള്ള കടയിൽ പോയ മൂവരും തിരിച്ചെത്തി അത്താഴം കഴിച്ച് കോട്ടേജിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെ 10-ന് മുറി ഒഴിയുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ 10 മണി കഴിഞ്ഞിട്ടും ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോൾ ജീവനക്കാർ വിളിച്ചെങ്കിലും മുറി തുറന്നില്ല. മുറിയുടെ പുറത്ത് ചെരിപ്പ് കണ്ടതിനാൽ 11 മണിയോടെ ജനാല വഴി നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. കുട്ടിയെ കിടക്കയിൽ മരിച്ച നിലയിലും ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലുമായിരുന്നു.