പത്തനംതിട്ട :തിരുവല്ല കുമ്പനാട്ടില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. കോയിപ്രം പോലീസാണ് അഞ്ച് പേരെ പിടികൂടിയത്. സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പോലീസ് പറഞ്ഞു. കുമ്പനാട് എക്സോഡസ് ചര്‍ച്ച് കരോള്‍ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ അടക്കം എട്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് സംഭവം. പതിനഞ്ച് ആളുകളുള്ള അക്രമി സംഘമാണ് കരോള്‍ സംഘത്തെ ആക്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇവരുടെ ആക്രമണം. കരോള്‍ സംഘം അവസാനത്തെ വീട് സന്ദര്‍ശിക്കാനൊരുങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സ്ത്രീകള്‍ക്കും പാസ്റ്റര്‍ ജോണ്‍സന്‍ അടക്കമുള്ള ആളുകള്‍ക്കും പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.