അത്യാധുനിക സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മോടി കൂട്ടാന്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ് ലിമിറ്റഡ് 1300 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് മോടി വരുത്തുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിക്ക് അനന്ത എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷം കൊണ്ടായിരിക്കും ഈ പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഈ വര്‍ഷത്തില്‍ തന്നെ പദ്ധതിക്ക് ആരംഭം കുറിക്കുകയും ചെയ്യും.
2021 ല്‍ ആയിരുന്നു കേരളത്തിലെ കേരളത്തിലെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത്. 50 വര്‍ഷത്തേക്ക് ആയിരുന്നു വിമാനത്താവളം കൈമാറിയിരിക്കുന്നത്.
വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ട് കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയിലായിരിക്കും പുതുക്കി പണിയുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിനുള്ളില്‍ 1300 കോടി രൂപയായിരിക്കും അദാനി ഗ്രൂപ്പ് നിക്ഷേപിക്കുക.
2018ലായിരുന്നു ടെര്‍മിനല്‍ രണ്ട് ഉദ്ഘാടനം ചെയ്തത്. 45,000 ചതുരശ്രമുള്ള ടെര്‍മിനലില്‍ പ്രതിവര്‍ഷം 32 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്. ഇത് 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റാനാണ് പുതിയ പദ്ധതി. ഇതിനായി ആകെ വിസ്തീര്‍ണ്ണം 165000 ചതുരശ്ര അടിയിലേക്കായിരിക്കും വികസിപ്പിക്കുക.
പുതിയ ടെര്‍മിനലില്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ എന്നിവ വിവിധ നിലകളിലായിരിക്കും ക്രമീകരിക്കുക. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, വ്യാപാര കേന്ദ്രം, ഹോട്ടല്‍ എയര്‍പോര്‍ട്ട് പ്ലാസ തുടങ്ങിയവ പുതിയ ടെര്‍മിനലിന്റെ പ്രത്യേകതയിരിക്കും. ഇതിന് പുറമേ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ്, റിമോട്ട് ചെക്കിന് സംവിധാനം പുതിയ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ തുടങ്ങിയവയും വിമാനത്താവളത്തില്‍ സജ്ജീകരിക്കും.