തിരുവനന്തപുരം : കനത്തമഴയിൽ തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെളളം കയറി. ഓപ്പറേഷൻ തീയറ്ററിലും വെയ്റ്റിംഗ് ഏരിയയിലുമാണ് വെള്ളം കയറിയത്. വെള്ളം പൂർണമായി നീക്കിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തന സജ്ജമാകാൻ ദിവസങ്ങളെടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്ത് പല ഭാഗത്ത് രാവിലെ മുതല്‍ കനത്ത മഴയാണ് പെയ്തത്. ആശുപത്രിയില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു മണിക്കൂറോളം എടുത്താണ് ഓപ്പറേഷന്‍ തിയറ്ററിലെ വെള്ളം നീക്കം ചെയ്തത്. ഓപ്പറേഷൻ തീയറ്റർ പ്രവർത്തന സജ്ജമാക്കാൻ സാനിറ്റൈസിങ് നടപടി ഉൾപ്പെടെ ചെയ്യേണ്ടതുണ്ട്. അതിനായി ദിവസങ്ങളെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് കനത്ത മഴ ഇന്ന രാത്രിയും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത.