25 December 2024

തിരുവനന്തപുരം: ശ്രുതിയോടൊപ്പം ഈ നാട് തന്നെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവര്‍ ഇല്ലാതായ ചൂരല്‍മല സ്വദേശി ശ്രുതിക്ക് വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സനേയും നഷ്ടമായെന്ന വാര്‍ത്ത ഏറെ വേദനാജനകമാണ്.

ശ്രുതിയുടെയും ജെന്‍സന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാന്‍ ശ്രുതിക്കാവട്ടെയെന്നും ഫേസ്ബുക്കില്‍ മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വയനാടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കമുള്ള ഉറ്റവര്‍ ഇല്ലാതായ ചൂരല്‍മല സ്വദേശി ശ്രുതിക്ക് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ജെന്‍സനേയും നഷ്ടമായിരിക്കുന്നുവെന്ന വാര്‍ത്ത ഏറെ വേദനാജനകമാണ്. ഇന്നലെ കല്‍പറ്റയിലെ വെള്ളാരംകുന്നില്‍ വച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വാനിലുണ്ടായിരുന്ന ശ്രുതിയും ബന്ധുക്കളും പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ തന്റെ കുടുംബാംഗങ്ങളും വീടുമെല്ലാം നഷ്ടമായ ശ്രുതിക്ക് ഇപ്പോള്‍ മറ്റൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടി വന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. ദുരന്തമുഖങ്ങളിലുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് എന്ത് പകരം നല്‍കിയാലും മതിയാകില്ല. ശ്രുതിയുടെ കൂടെ ഈ നാട് തന്നെയുണ്ടെന്ന ഉറപ്പാണ് നമുക്കിപ്പോള്‍ നല്‍കാന്‍ സാധിക്കുക. ശ്രുതിയുടെയും ജെന്‍സന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. വെല്ലുവിളികളെയും ദുരിതങ്ങളെയും അതിജീവിക്കാന്‍ ശ്രുതിക്കാവട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!