തൃശൂര്‍: ഈ വര്‍ഷത്തെ കര്‍മ്മ അവാര്‍ഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യു.സി.സിക്ക് നല്‍കുമെന്ന് ജൂറി അംഗങ്ങളായ സാറാ ജോസഫ്, ഷീബ അമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.കോട്ടയ്ക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.കെ.ആര്‍. ഫൗണ്ടേഷന്റെതാണ് കർമ്മ അവാർഡ്.
സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ അവര്‍ നടത്തിയ പോരാട്ടത്തെ മാനിച്ചാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. സ്വന്തം ജീവന്‍ പണയം വെച്ചും വലിയ അപമാനം സഹിച്ചും തൊഴില്‍ നഷ്ടപ്പെട്ടും ഒറ്റപ്പെടുത്തപ്പെട്ടും വരുമാനമടക്കമുള്ള വന്‍ നഷ്ടങ്ങള്‍ കണക്കിലെടുക്കാതെയും വര്‍ഷങ്ങളോളം അവര്‍ നടത്തിയത് ധീരമായ പോരാട്ടമാണ്. ഡബ്ല്യു.സി.സിയുടെ പ്രവര്‍ത്തനം സമൂഹത്തില്‍ ദൂരവ്യാപകമായിത്തന്നെ ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നതും സ്ത്രീയുടെ അന്തസും അഭിമാനവും ഉയര്‍ത്തുന്നതും സാമൂഹികമാറ്റത്തിന് കാരണമായി തീരുന്നതുമാണെന്നും ജൂറി വിലയിരുത്തി.