മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരനെ അധ്യാപിക മര്‍ദ്ദിച്ച സംഭവത്തില്‍ പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. മട്ടാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കിഡ്സ് പ്ലേ സ്‌കൂളിനാണ് നോട്ടീസ് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയാണെന്നും അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെ പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ഇതിന്റെ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് കെ.ഇ.ആര്‍. ചട്ടപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ്. അടുത്ത കാലത്തായി ഈ നിബന്ധനകള്‍ പാലിക്കാതെ ചില വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സ്‌കൂളാണ് മട്ടാഞ്ചേരി കൊച്ചിന്‍ ഗുജറാത്തി മഹാജന്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മട്ടാഞ്ചേരി സ്മാര്‍ട്ട് കിഡ്സ് പ്ലേ സ്‌കൂളെന്ന് മന്ത്രി പറഞ്ഞു.
ഈ സ്‌കൂളില്‍ സീതലക്ഷ്മി എന്ന അധ്യാപിക പ്രീ-കെജി യില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ ചൂരല്‍ വടി കൊണ്ട് മര്‍ദ്ദിച്ചു എന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടു. ഈ സംഭവം കേരളീയ സംസ്‌കാരത്തിനും മനസ്സാക്ഷിയ്ക്കും നിരക്കാത്തതും അധ്യാപക വൃത്തിക്ക് അപമാനകരവുമാണ്. സംഭവുമായി ബന്ധപ്പെട്ട് അധ്യാപികയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അംഗീകാരമില്ലാതെ വലിയ ഫീസ് വാങ്ങി മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും ഇതിനായി കെട്ടിടം വിട്ടു നല്‍കുന്ന ഉടമസ്ഥര്‍ക്കെതിരെയും നിയമാനുസൃതമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. ഹോം വര്‍ക്ക് ചെയ്യാത്തത് ചോദ്യം ചെയ്തായിരുന്നു മര്‍ദനം. വൈകിട്ട് വീട്ടില്‍ എത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ആശുപത്രി അധികൃതരാണ് വിവരം മട്ടാഞ്ചേരി പോലീസിനെ അറിയിച്ചത്. കുട്ടിയുടെ പുറത്ത് അടിയേറ്റ നിരവധി പാടുകളുണ്ട്. സംഭവത്തില്‍ അധ്യാപികയെ സസ്‌പെന്റ് ചെയ്തതായും സ്ഥാപനം അറിയിച്ചിരുന്നു. അധ്യാപികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.