തൃശ്ശൂർ: ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബവും ജനപ്രതിനിധികളും രംഗത്തെത്തി. അപ്പന്‍റിക്സിന് ചികിത്സ തേടി തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിയിട്ടും രോഗനിര്‍ണയത്തില പിഴവ് മരണത്തിലേക്ക് നയിച്ചെന്നാണ് ആരോപണം. ഉത്തരവാദികള്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.
അനറ്റ് എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മരണം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല കുടുംബത്തിന്. കഴിഞ്ഞ 20 നാണ് വയറുവേദനയെത്തുടര്‍ന്ന് അനിറ്റിനെ വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കല്‍ കാണിക്കുന്നത്. അവിടെ നിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി. മരുന്നു നല്‍കി മടക്കിയെങ്കിലും വയറുവേദന കലശലായതിനാല്‍ രണ്ടു ദിവസത്തിനുശേഷം വീണ്ടും ആശുപത്രിയിലെത്തി.
അപ്പന്‍റിക്സ് ആണെന്നായിരുന്നു ആശുപത്രിയിൽ നിന്നും കണ്ടെത്തിയത്. മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് പറഞ്ഞതോടെ മാതാപിതാക്കള്‍ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചു. സ്കാനിങ്ങും മറ്റു പരിശോധനകളും നടത്തിയെങ്കിലും മറ്റു കുഴപ്പങ്ങളില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും തങ്ങളെ മടക്കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിലെത്തിയ കുട്ടി കഴിഞ്ഞ 26ന് ഛര്‍ദ്ദിച്ച് അവശയായി. തുടർന്ന് കുട്ടിയെ സ്വകര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.