25 December 2024

തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിജ്ഞാപനത്തോടെ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായെന്ന് മന്ത്രി കെ രാജന്‍. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി പ്രതികരിച്ചു. നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുകയാണെങ്കില്‍ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിന്‍കാര്‍ഡ് മൈതാനിയില്‍ വച്ച് കരിമരുന്ന് പ്രയോഗം നടത്താനാവില്ലെന്നും മന്ത്രി.

35 നിയന്ത്രണങ്ങളാണ് പ്രധാനമായും വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ളത്. അവയില്‍ ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാന്‍ ആകുന്നതാണ്. എന്നാല്‍ അഞ്ചു നിബന്ധനകള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് പുരയില്‍ നിന്നും 200 മീറ്റര്‍ അകലെ ആകണം വെടിക്കെട്ട് നടത്താന്‍ എന്ന നിബന്ധന മുന്നോട്ടുവയ്ക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനിയില്‍ എന്നല്ല തൃശൂര്‍ റൗണ്ടില്‍ പോലും വെടിക്കെട്ട് നടത്താനാകാത്ത സ്ഥിതി ഉണ്ടാകും.

കാണികള്‍ക്കുള്ള ദൂരപതി 600 മീറ്റര്‍ ആക്കി കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി പാസാക്കിയത്. വെടിക്കെട്ട് പുരയില്‍ നിന്നും വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം 45 മീറ്ററായിരുന്നു ഇതുവരെ. അവിടെനിന്ന് 100 മീറ്റര്‍ അകലെയാണ് കാണികളെ അനുവദിച്ചിരുന്നത്. 145 മീറ്റര്‍ ദൂരപരിധി പാലിക്കുമ്പോള്‍ തന്നെ കാണികള്‍ക്ക് റൗണ്ടില്‍ നില്‍ക്കാന്‍ ആകാത്ത സ്ഥിതിയാണ് നിലവില്‍. പുതിയ നിയമഭേദഗതി അനുസരിച്ച് കുറേക്കൂടി നീങ്ങി മാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങള്‍ നില്‍ക്കുന്ന സ്ഥലം ആയതിനാല്‍ അത് സാധ്യമാവില്ല. ആ സാഹചര്യത്തില്‍ ഈ നിയമഭേദഗതി നിലനില്‍ക്കുമ്പോള്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുക എന്നത് പ്രയാസകരമാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!