തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ കേസില്‍ ആദ്യത്തെ കേസെടുത്ത് പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി)യുടെ നിര്‍ദേശപ്രകാരം ഗൂഡാലോചനയ്ക്കാണ് കേസെടുത്തത്. എസ്ഐടി സംഘത്തിലെ ഇന്‍സ്പെക്ടര്‍ ചിത്തരഞ്ജന്റെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എഫ്ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല. എഫ്ഐആര്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇന്നലെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ ഉണ്ടാക്കല്‍, ഗൂഡാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചേര്‍ത്തത്. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് പരാതി.
തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് നേരത്തെ തള്ളിയിരുന്നു. പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ല എന്നായിരുന്നു എഡിജിപി അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്ന് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.