കൊച്ചി: ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ (എ.ആര്‍.എം) എന്ന ചിത്രത്തിന്റെ റിലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സബ് കോടതി താത്കാലികമായി തടഞ്ഞു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.
സിനിമയുടെ നിര്‍മാണത്തിനായി താന്‍ 3.2 കോടി രൂപ മുടക്കിയെങ്കിലും ഉടമസ്ഥാവകാശം നിഷേധിക്കുകയും അവകാശം താനറിയാതെ മറ്റൊരു കക്ഷിക്ക് രഹസ്യമായി കൈമാറുകയും ചെയ്തുവെന്നാണ് പരാതി. ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസിനും വിലക്ക് ബാധകമാണ്.
ടൊവിനോ തോമസ് ആദ്യമായി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.എന്ന് നിന്റെ മൊയ്തീന്‍, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ സഹ സംവിധായകനാണ് ജിതിന്‍ ലാല്‍. ഓണം റിലീസായി സെപ്റ്റംബറില്‍ റിലീസിനൊരുങ്ങുകയായിരുന്നു ചിത്രം.
മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റര്‍ടൈനര്‍ ചിത്രമായിട്ടാണ് ‘അജയന്റെ രണ്ടാം മോഷണം’ഒരുക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് ചിത്രം കടന്നു പോകുന്നത്. സുജിത് നമ്പ്യാരുടേതാണ് കഥ തിരക്കഥ സംഭാഷണം. ‘യു.ജി.എം. പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.