തലച്ചോറിനുള്ളില്‍ അസാധാരണമായ കോശങ്ങള്‍ രൂപപ്പെടുമ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകുന്നത്.മസ്തിഷ്‌കത്തെ ഏറ്റവും ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിന്‍ ട്യൂമര്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുക മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വരെ ബുദ്ധിമുട്ടിലാക്കുന്ന നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും ഇത് കാരണമാകും. 2020ല്‍ മാത്രം ആഗോളതലത്തില്‍ 3,08,102 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ മുതല്‍ ഏത് പ്രായക്കാരിലും ബ്രെയിന്‍ ട്യൂമര്‍ പ്രത്യക്ഷപ്പെടാം. ബ്രെയിന്‍ ട്യൂമറിനെ കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കുക എന്ന ആശയത്തോടെയാണ് എല്ലാ വര്‍ഷവും ജൂണ്‍ എട്ട് ‘ലോക ബ്രെയിന്‍ ട്യൂമര്‍ ദിന’മായി ആഘോഷിക്കുന്നത്.
പ്രതിവിധി കണ്ടെത്തുക, രോഗത്തെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കുക, ബ്രെയിന്‍ ട്യൂമറുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2000 ജര്‍മ്മന്‍ ബ്രെയിന്‍ ട്യൂമര്‍ അസോസിയേഷനാണ് ബ്രെയിന്‍ ട്യൂമര്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. ‘സ്വയം സംരക്ഷിക്കുക, സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക’- എന്നതാണ് ഇത്തവണത്തെ ലോക ബ്രെയിന്‍ ട്യൂമര്‍ ദിനത്തിലെ പ്രമേയം.
തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ഇത് അപകടകരമായത് (അര്‍ബുദത്തിന് കാരണമാകുന്നത് ) അപകടമില്ലാത്തത് ( അര്‍ബുദത്തിന് കാരണമാകാത്തത്, വളര്‍ച്ചാനിരക്ക് കുറഞ്ഞത്) എന്നിങ്ങനെ രണ്ട് തരത്തിലുണ്ട്. രാവിലെയുള്ള അവസഹിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ ബ്രെയിന്‍ ട്യൂമര്‍ ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടത്തിലേക്ക് നയിച്ചേക്കാം.
അര്‍ബുദത്തിന് കാരണമാകുന്ന ട്യൂമറുകള്‍ പെട്ടെന്ന് വളരാനും ഗുരുതരമാകാനും സാധ്യതയുണ്ട്. മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ 120 തരം ബ്രെയിന്‍ ട്യൂമറുകളെ കണ്ടെത്തിയിട്ടുണ്ട്. ട്യൂമറിന്റെ സ്ഥാനം അനുസരിച്ച് രോ?ഗ ലക്ഷണങ്ങളിലും മാറ്റം വരാം. മസ്തിഷ്‌കത്തിന്റെ സജീവമല്ലാത്ത ഭാഗങ്ങളിലാണ് ട്യൂമര്‍ വികസിക്കുന്നതെങ്കില്‍ ട്യൂമര്‍ വളരെ വലുതാകുന്നതു വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.