തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുതുമല കടുവാ സങ്കേതത്തില്‍ പുള്ളിമാന്‍ കൂട്ടത്തെ ശല്യപ്പെടുത്തിയതിന് ടൂറിസ്റ്റുകള്‍ക്ക് പിഴ. ആന്ധ്രാപ്രദേശില്‍ നിന്നുള്ള മൂന്ന് വിനോദ സഞ്ചാരികള്‍ക്ക് വനംവകുപ്പ് 15,000 രൂപ പിഴ ചുമത്തി. വന്യജീവി മേഖലയായ മസിനഗുഡി-തൊപ്പക്കാട് റോഡിലാണ് സംഭവം.
വയനാട്ടിലേക്കുള്ള യാത്രാമധ്യേ മൂവരും മാനുകള്‍ മേയുന്നത് കണ്ട് വാഹനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. ഒരു വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയില്‍ വിനോദസഞ്ചാരികളിലൊരാള്‍ മൃഗങ്ങളെ പിന്തുടരുന്നതും മറ്റൊരാള്‍ ഇത് റെക്കോര്‍ഡുചെയ്യുന്നതും കാണിക്കുന്നുണ്ട്. ഇത് മാനുകളെ പരിഭ്രാന്തിയിലാഴ്ത്തുകയും അവ ചിതറിയോടുകയും ചെയ്യുന്നുണ്ട്.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ള അബ്ദുള്ള ഖാന്‍ (24), അബ്ദുള്‍ അസീസ് (26), ഇബ്രാഹിം ഷെയ്ഖ് (27) എന്നിവരെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കൂടാതെ ഇവരുടെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇത് സംരക്ഷിത മേഖലയിലെ വന്യജീവികളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ നിയമ ലംഘനമാണ്. വിവരം അറിഞ്ഞ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വാഹനം കണ്ടെത്തുകയായിരുന്നു. തൊപ്പക്കാട് ആനത്താവളത്തില്‍ നിന്നും ഇവരെ കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.
സംഭവത്തിന്റെ ഒരു വീഡിയോ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ”മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍, പ്രത്യേകിച്ച് മുതുമല പോലുള്ള സംരക്ഷിത പ്രദേശത്ത് ഉപദ്രവിക്കുന്നത് നിരുത്തരവാദപരവും അധാര്‍മ്മികവുമാണ്. ഈ മേഖല വന്യജീവികള്‍ക്ക് വളരാന്‍ സുരക്ഷിതമായ ഇടം നല്‍കുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ തങ്ങളെത്തന്നെ അപകടത്തിലാക്കുക മാത്രമല്ല, അനാവശ്യമായ സമ്മര്‍ദ്ദവും ദോഷവും മൃഗങ്ങള്‍ക്ക് വരുത്തുകയും ചെയ്യുന്നു.
ബെംഗളൂരുവില്‍ നിന്ന് ഏകദേശം 240 കിലോമീറ്ററും ഊട്ടിയില്‍ നിന്ന് 68 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന മുതുമല ടൈഗര്‍ റിസര്‍വ് വൈവിധ്യമാര്‍ന്ന വന്യജീവികള്‍ക്ക് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്. നാടുകാണി ചുരം വഴി കേരളത്തില്‍ നിന്നുള്ള നിരവധി വിനോദ സഞ്ചാരികളും ഗൂഡല്ലൂര്‍ വഴി മുതുമലയിലേക്കെത്താറുണ്ട്.
വന്യജീവികളെ ബഹുമാനിക്കുന്നതിന്റെയും വനനിയമങ്ങള്‍ പാലിക്കുന്നതിന്റെയും പ്രാധാന്യം അധികാരികള്‍ ഊന്നിപ്പറഞ്ഞു. അശ്രദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൃഗങ്ങളെ അപകടത്തിലാക്കുക മാത്രമല്ല, പ്രത്യാക്രമണങ്ങളുണ്ടായാല്‍ മനുഷ്യ ജീവനേയും അപകടത്തിലാക്കും.